കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു; സംഭവം ഉത്സവപ്പറമ്പിലെ ഗാനമേളയ്ക്കിടെ


സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്.
ക്ഷേത്രത്തിന് സമീപത്ത് നിന്ന് ഗാനമേള കേൾക്കുകയായിരുന്നു സത്യനാഥനെന്നും ഇതിനിടയിലാണ് ചിലർ ആക്രമിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമത്തിൽ സത്യനാഥന്റെ പുറത്തും കഴുത്തിനുമെല്ലാം വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യനാഥനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുറകിലൂടെ വന്നാണ് അക്രമികൾ വെട്ടിയതെന്നാണ് സൂചന. മഴുകൊണ്ടാണ് വെട്ടിതെന്നാണ് വിവരം.
സംഭവത്തിൽ പെരുവട്ടൂർ സ്വദേശി അഭിലാഷ് (33)നെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സത്യനാഥിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകൾക്ക് വിട്ടുനൽകും. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ഏരിയയിൽ സിപിഐ എം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
പി വി സത്യനാഥിൻ്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പകൽ 12ന് വെങ്ങളത്തു നിന്നാരംഭിക്കും. തുടർന്ന് തിരുവങ്ങൂർ, പൂക്കാട്, പൊയിൽക്കാവ് എന്നിവിടങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ചതിനു ശേഷം വൈകിട്ട് മൂന്ന് മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. അഞ്ച് മണിക്ക് വീട്ടിലെത്തിക്കും ഏഴ് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
സംഭവമറിഞ്ഞയുടൻ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, കാനത്തിൽ ജമീല എംഎൽഎ അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായാണ് സൂചന. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
ഭാര്യ: ലതിക. മക്കൾ: സലിൽ നാഥ്, സലീന. സഹോദരങ്ങൾ: വാരിജാക്ഷൻ, വിജയൻ, രഘുനാഥ്, സുനിൽകുമാർ.