NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എച്ച് എടുത്താൽ ലൈസൻസ് കിട്ടില്ല; റിവേഴ്സും പാർക്കിംഗും ചെയ്യണം; പരിഷ്‌ക്കാരം മേയ് മുതല്‍.

പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാ കേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണോ സര്‍ക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിനുള്ള സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. പുതിയരീതി ഉടന്‍ നടപ്പാക്കുമെന്നും അറിയിച്ചു. പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിര്‍ദേശിച്ചിരുന്നു. ചിലര്‍ സമ്മതിച്ചെങ്കിലും ചെലവോര്‍ത്ത് അവരിപ്പോള്‍ ആശങ്കയിലാണ്.

നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. ഇതൊരുക്കാന്‍ മൂന്നുമുതല്‍ അഞ്ചുവരെ ലക്ഷംരൂപ ചെലവാകുമെന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍.

സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.

Leave a Reply

Your email address will not be published.