NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലൈംഗികാതിക്രമ പരാതി; അഡ്വ. ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതിയിൽ അഡ്വക്കേറ്റ് ബിഎ ആളൂരിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി പാടില്ലെന്നാണ് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. അഡ്വക്കേറ്റ് ബിഎ ആളൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

 

നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യ ഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വക്കീൽ ഫീസ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നാണ് ആളൂർ കോടതിയെ അറിയിച്ചത്.

 

ജനുവരി 31ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് അതിജീവിത നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ കാര്യം സംസാരിക്കാൻ ഓഫീസിന്‍റെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം. തന്‍റെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ എന്റെ ഒട്ടുമിക്ക ക്ലൈന്റുകളും കോംപ്രമൈസ് ചെയ്യാറുണ്ട്. അങ്ങനെയാണെങ്കില്‍ കാശ് വാങ്ങിക്കാതെ ഞാന്‍ കേസ് വാദിക്കും എന്ന് പറഞ്ഞ് ആളൂർ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു.

 

കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരാതിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നും വക്കീൽ ഫീസ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണമെന്നുമാണ് ആളൂർ പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *