മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ


മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ.
മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു-25) യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.