മലപ്പുറം ചങ്ങരംകുളത്ത് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; 20 പേർക്ക് പരുക്ക്


മലപ്പുറം ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആയയിൽ ഗൗരിനന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായ ആൾക്കൂട്ടത്തിനിടയിൽ പെട്ട് ഇരുപതോളം പേർക്ക് പരുക്കേറ്റു.
നാല് മണിയോടെ പൂരം ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന അഞ്ച് ആനകൾക്കൊപ്പം ക്ഷേത്ര വളപ്പിലേക്ക് കയറിയ ആയയിൽ ഗൗരിനന്ദൻ പെട്ടെന്ന് ഓടുകയായിരുന്നു.
ആന ഇടഞ്ഞതോടെ ജനക്കൂട്ടം പരിഭ്രാന്തരായി. തിക്കിലും തിരക്കിലും പെട്ട് ഇരുപതിലേറെ പേർക്ക് പരുക്കേറ്റു.
സ്ത്രീകളും കുട്ടികളുമാണ് പരുക്കേറ്റവരിൽ ഏറെയും. ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പാന്മാർ ക്ഷേത്ര വളപ്പിൽ തളച്ച ആനയെ പിന്നീട് സ്ഥലത്ത് നിന്ന് മാറ്റി.