NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് ഇനി പുതിയ പാഠപുസ്തകങ്ങൾ; ആമുഖമായി ഭരണഘടനയും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരമായി. കരിക്കുലം കമ്മിറ്റിയാണ് പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയതെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

സമഗ്രമായ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ടാണ് പുതിയ പുസ്തകങ്ങൾ പുറത്തിറക്കുന്നത്. പത്ത് വർഷത്തിനുശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ച് പുറത്തിറക്കുന്നത്.

173 പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. ഇതിന് മുൻപ് 2007ലാണ് പാഠ്യപദ്ധതിയില്‍ സമഗ്രമായ പരിഷ്കരണം കൊണ്ടുവന്നത്. 2013ലും ചില മാറ്റങ്ങള്‍ നടന്നിട്ടുണ്ട്. 10വര്‍ഷത്തിലേറെയായി പാഠ്യപദ്ധതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലായിരുന്നു.

ചരിത്രത്തിൽ ആദ്യമായി എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധവും പോക്സോ നിയമങ്ങളും അടക്കം പുതുക്കിയ പാഠപുസ്തകങ്ങളിൽ സർക്കാർ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൗരബോധം, ശാസ്ത്രബോധം, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവയും പാഠ്യ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തും.

പാഠ്യപദ്ധതി പരിഷ്കരണത്തിനായി ഒന്നരവർഷത്തോളമായി 900ലധികം വരുന്ന അദ്ധ്യാപകരാണ് പ്രവർത്തിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നരവര്‍ഷം നീണ്ട പ്രക്രിയയായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.

പുതിയ പാഠ്യപദ്ധതിയിലെ എല്ലാ പുസ്തകങ്ങളിലും മലയാളം അക്ഷരമാലയുണ്ടാകും. കുട്ടികളില്‍ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published.