NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഴിമതി ആരോപണം; കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

1 min read

സർക്കാർ ഏറെ വാഗ്ദാനങ്ങളോടെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി നടന്നതായാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് വിഡി സതീശൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

സംസ്ഥാന വികസനത്തിൽ നാഴികക്കല്ലായി മാറേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവർക്കാണെന്നും പദ്ധതി നടത്തിപ്പിൽ വലിയ കാലതാമസമുണ്ടായതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.പദ്ധതി നടത്തിപ്പിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ ഫോൺ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ പറയുന്നു.

 

പൊതുമേഖലാ സ്ഥാപനമായ RailTel നെ മുൻനിർത്തി SRIT ആണ് കരാർ സ്വന്തമാക്കിയത്. RailTel വഴിയാണ് കെ ഫോണുമായി ബന്ധപ്പെട്ട എല്ലാ കരാറും SRIT സ്വന്തമാക്കിയതെന്നും, SRIT വഴിയാണ് ഉപകരാർ പ്രസാദിയോയിലേക്ക് എത്തിയതെന്നും ഹർജിയിൽ പറയുന്നു. നിയമവിരുദ്ധമായാണ് കരാറുകളും ഉപകരാറുകളും നൽകിയത്. എഐ ക്യാമറ ഇടപാടിലും SRITയും പ്രസാദിയോയും ഉണ്ട്.

 

പ്രസാദിയോയ്ക്ക് ലഭിച്ച ഉപകരാർ മറ്റ് കമ്പനികൾക്ക് ഉപകരാറായി നൽകിയതിലും അന്വേഷണം വേണം. പല കമ്പനികൾക്ക് ഉപകരാർ നൽകിയതിനാലാണ് ടെൻഡർ തുക പെരുപ്പിച്ച് കാണിക്കുന്നതെന്നും ആരോപിക്കുന്നു. ഹർജി തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.എഐ ക്യാമറ വിവാദം കോടതിയിലെത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ കെ ഫോൺ പദ്ധതിയും കോടതി കയറുന്നത്.

Leave a Reply

Your email address will not be published.