പരപ്പനങ്ങാടിയിൽ കുറുക്കന്റെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ കുറുക്കന്റെ കടിയേറ്റ് നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ചെട്ടിപ്പടി കീഴ്ചിറ, പച്ചരിപ്പാടം, പൊൻമായിൽ തറ ഭാഗങ്ങളിൽ നിന്നായി നാലുപേർക്കാണ് കുറുക്കൻ്റെ കടിയേറ്റത്. പാലശേരി സരോജിനി, മഠത്തിലായത്തിൽ മഹേഷ്, കാഞ്ഞിരത്തിങ്ങൽ സുജിത, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്.
കീഴ്ചിറ പൊൻമായി തറയിൽ വൈകീട്ട് നാലരയോടെ സരോജിനിയെ കുറുക്കൻ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താനെത്തിയപ്പോഴാണ് മഹേഷിന് കടിയേറ്റത്.
പച്ചരിപ്പാടത്തെ പാടവരമ്പത്ത് നിന്നാണ് സുജിതക്ക് കടിയേറ്റത്. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.