NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നു, ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് കേരളം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

1 min read

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഹര്‍ജി. പെന്‍ഷന്‍ നല്‍കുന്നതിന് അടിയന്തരമായി കടമെടുക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി വിഷയം പരിഗണിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭഷകന്‍ കപില്‍ സിബില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റ സ്യൂട്ട് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

 

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ സുപ്രീം കോടതി ഇടപെടല്‍ തേടിയാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പെന്‍ഷന്‍ നല്‍കുന്നതിന് കടമെടുക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ കേരളം ആവശ്യപ്പെട്ടു.

 

ഇതിനായി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പടിവിക്കണമെന്നും കേരളത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇതിലാണ് കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ജനുവരി 25-ന് ഇടക്കാല ഉത്തരവ് സംബന്ധിച്ച കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് വ്യക്തമാക്കി അന്നേക്ക് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റിവെച്ചു.

 

ഭരണഘടനയുടെ 131 ാം അനുച്ഛേദം അനുസരിച്ചാണ് കേരളത്തിന്റെ ഹര്‍ജി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തില്‍ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാപരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും ഹര്‍ജിയില്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

 

കേന്ദ്രതീരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സമ്പദ്വ്യവസ്ഥയില്‍ വന്‍ ആഘാതം സൃഷ്ടിക്കാമെന്നും കേരളം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെ നല്‍കിയ സ്യൂട്ട് ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published.