NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി; നേതൃത്വ പൂജകളിൽ ഇഎംഎസിനെ കണ്ടില്ല’: മുഖ്യമന്ത്രി വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ

1 min read

കോഴിക്കോട്: അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എം ടി വാസുദേവൻ നായർ. ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാമെന്നും പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് എം ടിയുടെ രാഷ്ട്രീയ വിമര്‍ശനം.

 

 

തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം വിമർശിച്ചു. ‘‘അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ നമ്മള്‍ പണ്ടെന്നോ കുഴിവെട്ടി മൂടി. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നു വച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.’’

 

‘‘ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരു ആരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ എം എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടു തന്നെ’’- എം ടി പറഞ്ഞു.

 

‘‘കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവ് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു’’- എം ടി പറഞ്ഞു.

Leave a Reply

Your email address will not be published.