അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ


കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂർ മട്ടന്നൂരിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ എൻ.ഐ.എ പിടികൂടിയത്. ഇവിടെ മരപ്പണിക്കാരനായി കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് കരുതുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകനും എറണാകുളം ഓടക്കാലി സ്വദേശിയുമായ സവാദ്. സംഭവം നടന്നതു മുതൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ വർഷം, സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തൊടുപുഴ ന്യൂമാൻ കോളജിലെ ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് 2010 ജൂലൈ നാലിനാണ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയിൽ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.ആദ്യഘട്ട വിചാരണക്കുശേഷം അറസ്റ്റിലായ പ്രതികൾ രണ്ടാം ഘട്ടത്തിൽ വിചാരണ നേരിട്ടു. ഇതിൽ യു.എ.പി.എ ചുമത്തപ്പെട്ട മൂന്നു പേർക്ക് പ്രത്യേക എൻ.ഐ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റു മൂന്നു പ്രതികൾക്ക് മൂന്നു വർഷം വീതം തടവുമാണ് ശിക്ഷ നൽകി. അഞ്ച് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.