NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാണക്കാട് കുടുംബത്തിനെതിരെ വിമർശനമെന്ന് ആക്ഷേപം; വ്യാഖ്യാനം ശരിയല്ലെന്ന് വിശദീകരിച്ച് റഷീദ് ഫൈസി

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിച്ച് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തരിപ്പമണമാക്കാൻ കഴിയില്ല. അങ്ങനെ ഒരു നേതാവും നേതൃത്വവുമില്ല എന്നായിരുന്നു വിമർശനം.

വിമർശനം സാദിഖലി തങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സത്യത്തിന്റെ വഴിയിലാണ് ഉറച്ചു നിൽക്കുന്നത്. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലന്നും റശീദ് ഫൈസി പറഞ്ഞു.

എസ്കെഎസ്എസ്എഫ് എടവണ്ണപ്പാറ മേഖലാ സമ്മേളന വേദിയിലായിരുന്നു റഷീദ് ഫൈസിയുടെ വിമർശനം. ജാമിഅ സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ആളാണ് റഷീദ് ഫൈസി വെള്ളായിക്കോട്.

നേരത്തെ മുസ്ലിം ലീഗിനെ എതിർക്കുന്ന യുവനേതാക്കളെ പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് വെട്ടിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റഷീദ് ഫൈസിയുടെ പ്രസംഗം വിവാദമായിരിക്കുന്നത്.

 

യുവനേതാക്കൾക്കെതിരായ വെട്ടിനിരത്തിലിന് പിന്നിൽ ലീഗ് നേതാക്കളെന്ന് ആരോപണവുമായി സമസ്‌തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജ്.

മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാർഷിക സമ്മേളനം ജനുവരി 3 മുതൽ 7 വരെയാണ് നടക്കുന്നത്. ഈ വേദിയിൽ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്. ജാമിഅ സമ്മേളനങ്ങളിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ ഉൾപ്പടെയുള്ളവരെയാണ് മാറ്റി നിർത്തിയത്.

 

ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി റഷീദ് ഫൈസി രംഗത്തെത്തിയിട്ടുണ്ട്. പാണക്കാട് കുടുംബത്തെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന വ്യാഖ്യാനം ശരിയല്ല. ഒരു ഖുർആൻ സൂക്തത്തിൻ്റെ വിശദീകരണമാണ് നൽകിയത്.

അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരെന്നും റഷീദ് ഫൈസി വ്യക്തമാക്കി. പരാമർശത്തിൽ പാണക്കാട് കുടുംബത്തെ ഒരു നിമിഷം പോലും ഉദ്ദേശിച്ചിട്ടില്ലന്നും റഷീദ് ഫൈസി വിശദീകരിച്ചു. തെറ്റിദ്ധാരണയുണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്‌ബുക്ക് പോസ്റ്റിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.