മാസങ്ങളായുള്ള വേദനയും ചികിത്സയും; യുവാവിന്റെ മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ തൂക്കമുള്ള കല്ല്


കടുത്ത വേദനയും അണുബാധയും മൂലം ചികിത്സയ്ക്കെത്തിയ യുവാവിന്റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം തൂക്കമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ 27 വയസ്സുള്ള യുവാവിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നിംസ് മെഡിസിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും മൂലം പലതരം ചികിത്സകൾ യുവാവ് തേടിയിരുന്നു. രോഗമുക്തി ലഭിക്കാത്തതിനെ തുടർന്നാണ് നിംസൽ ചികിത്സയ്ക്കായി എത്തിയത്.
യൂറോളജിസ്റ്റ് ഡോ.കെ. നവീന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പരിശോധിച്ചത്. മൂത്ര സഞ്ചിയിൽ കല്ല് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നെങ്കിൽ യുവാവിന്റെ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു.
കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തെ വരെ ബാധിക്കുമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നവീൻ പറഞ്ഞു.
കാൽഷ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടിഞ്ഞുകൂടി മൂത്രാശയത്തിൽ രുപപ്പെടുന്ന ശിലസമാനമായ കഠിന പദാർഥമാണ് ബ്ലാഡർ സ്റ്റോൺ അഥവാ മൂത്രാശയത്തിലെ കല്ല്. വളരെ നേർത്ത കല്ലുകൾ മുതൽ സാമാന്യം വലിപ്പമുള്ളവ വരെ മൂത്രാശയത്തിൽ രൂപപ്പെടാം. നിർജ്ജലീകരണമാണ് കല്ലുകൾ രുപപ്പെടാനുള്ള പ്രധാന ഘടകങ്ങളിൽ ഒന്ന്.