പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : പെരുവളളൂര്‍ സ്വദേശിയായ മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും

പ്രതി ഷാഹുല്‍ ഹമീദ്

പരപ്പനങ്ങാടി : പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂര്‍ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുല്‍ ഹമീദ് (53) നാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എ. ഫാത്തിമാ ബീവി ശിക്ഷ വിധിച്ചത്. 2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപം സ്കൂളിലേക്ക് നടന്ന് പോവികയായിരുന്ന 13 വയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾക്കെതിരെ അഞ്ച് വർഷം കഠിനതടവിനും ഒരുമാസം വെറുംതടവിനും, 25000/- രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷ വിധിച്ചത്. പ്രതി അടക്കുന്ന പിഴ സംഖ്യ ഇരക്ക് നൽകണം.
തിരൂരങ്ങാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഇ. നൗഷാദ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന സി.എം. ദേവദാസന്‍, കെ. റഫീഖ് എന്നിവരായിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക് ഹാജരായി.
പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചു.10 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.