ലൈംഗിക അതിക്രമ കേസ്: മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി


ലൈംഗിക അതിക്രമക്കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിയമസഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. അതിജീവിതയുടെ ആരോഗ്യ നില സംബന്ധിച്ച് ഡോക്ടര്‍മാരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നൽകാനാകില്ലെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മുമ്പ് പീഡനത്തിന് ഇരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നുമാണ് പിജി മനു മുൻകൂർ ജാമ്യഹർജിയിൽ വാദിച്ചിരുന്നത്.
യുവതിയുടെ പരാതി വ്യാജമാണെന്നും ജോലി സംബന്ധമായ ശത്രുത കാരണം തന്റെ സൽപേരും അന്തസ്സും തകർക്കാൻ ചിലർ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പിജി മനുവിനെതിരായ കേസ്. കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഹൈകോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ പദവിയിൽ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അഭിഭാഷകൻ അധികാരം ദുരുപയോഗം ചെയ്ത് തന്റെ സമ്മതമില്ലാതെ പീഡനത്തിന് ഇരയാക്കിയെന്നും പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി പറയുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണപ്പെടുത്തി. ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് പറഞ്ഞതിന്റെ ശബ്ദരേഖയും യുവതി കോടതിയിൽ ഹാജരാക്കി.