NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ; വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോർട്ട്

അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗുരുതാരവസ്ഥയിലാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

65 കാരനായ ദാവൂദ് വർഷങ്ങളായി പാകിസ്താനിലെ കറാച്ചിയിലാണ് താമസം. ആശുപത്രിയില്‍ കഴിയുന്ന ദാവൂദിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ ഉന്നത അധികാരികള്‍ക്കും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.

 

ദാവൂദിന്‍റെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് കണ്ടെത്താൻ മുംബൈ പൊലീസ് ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻഐഎ 25 ലക്ഷം വിലയിട്ടിരുന്നു. ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്നും വീണ്ടും വിവാഹിതനായെന്നും ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകൻ അലിഷാ ഇബ്രാഹിം പാർക്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ദാവൂദ് പുനർവിവാഹം കഴിച്ചുവെന്നും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ പത്താൻ സ്വദേശിയാണെന്നും സഹോദരി പുത്രൻ എൻഐഎക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.

സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഇന്ത്യ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. 1993 ൽ 250 പേരുടെ മരണത്തിന് കാരണമാകുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമാണ്.

 

ഒരു കാലത്ത് മുംബൈ അധോലോകത്തിന്റെ നായകനായിരുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ദ ഫ്രീ പ്രസ് ജേർണലിന്റെ നേരത്തെയുള്ള റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ആശുപത്രിയിൽ വെച്ച് ദാവൂദിന്റെ രണ്ട് കാൽവിരലുകളെ മുറിച്ചു മാറ്റിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!