NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് തുടക്കമായി

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കമായി. 3.15ന് ദാറുല്‍ഹുദാ ശില്‍പി ഡോ. യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്തിന് സി. യൂസുഫ് ഫൈസി മേല്‍മുറി നേതൃത്വം നല്‍കി. അസര്‍ നമസ്‌കാരാനന്തരം വാഴ്‌സിറ്റി അങ്കണത്തില്‍ ട്രഷറര്‍ കെ.എം സൈദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായി.

 

4.30 ന് നടന്ന പ്രാരംഭ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലും കേരളേതര സംസ്ഥാനങ്ങളിലും മുസ്ലിംകള്‍ക്ക് തന്നെ മാതൃകയായി വൈജ്ഞാനിക പ്രസരണ രംഗത്ത് ദാറുല്‍ഹുദാ ഏറെ മുന്നേറുകയാണെന്നും പാരമ്പര്യ പണ്ഡിതപാതയിലൂടെ ഇസ്ലാം മതത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ ക്രിയാത്മകമായി നേരിടാന്‍ യുവപണ്ഡിതര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, മുഫ്തി മുഹമ്മദ് അലി മിസ്ബാഹി, കെ.പി.എ മജീദ് എം.എല്‍.എ, ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സമസ്ത മുശാവറാംഗം ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്‌റാംഹിം ഫൈസി തരിശ്, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, അബൂബക്കര്‍ ഹാജി, മുനീര്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

രാത്രി ഏഴ് മണിക്ക് നടന്ന സമസ്ത ആദര്‍ശ സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറാംഗം എം.പി മുസ്തഫാ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന ചെയര്‍മാന്‍ എം. അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാട് ആമുഖ ഭാഷണം നിര്‍വഹിച്ചു. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, പി. അബ്ദുറശീദ് ഹുദവി ഏലംകുളം തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

ശനിയാഴ്ച  രാവിലെ 5:30 ന് ഖത്മുല്‍ ഖുര്‍ആന്‍ സദസ്സും എട്ട് മണിക്ക് ‘മത വിദ്യാഭ്യാസത്തിന്റെ കാലികവത്കരണം’ എന്ന ശീര്‍ഷകത്തില്‍ അക്കാദമിക സെമിനാറും നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രണ്ടു സെഷനുകളിലായി സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ അക്കാദമിക മേഖലയിലെ വിശിഷ്ട വ്യക്തികള്‍ പേപ്പര്‍ അവതരിപ്പിക്കും. ഒമ്പത് മണിക്ക് ഹനഫി ഫിഖ്ഹ് സെമിനാറും സ്മൃതിപഥ പ്രയാണവും സംഘടിപ്പിക്കപ്പെടും.

വൈകീട്ട് 6.45 ന് നടക്കുന്ന നേതൃസ്മൃതി സമ്മേളനം ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാവും. ദേശീയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ സദസ്സ് ഡോ. മുഹമ്മദ് ഹാശിം നദ്വി ഉത്തര്‍പ്രദേശ് ഉദ്ഘാടനം ചെയ്യും. വി.ടി അബ്ദുറഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അധ്യക്ഷനാവും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.15 ന് സ്ഥാനവസ്ത്ര വിതരണവും ഹുദവി സംഗമവും സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി വിശിഷ്ടാതിഥിയാവും. രാത്രി 6:45 ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

 

ദാറുല്‍ഹുദാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ദാറുല്‍ഹുദായില്‍നിന്ന് പന്ത്രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ 211 ഹുദവി പണ്ഡിതര്‍ക്കുള്ള ബിരുദദാനവും അദ്ദേഹം നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ബിരുദദാന പ്രഭാഷണവും സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ ഭാഷണവും നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!