800 രൂപയില്‍ തുടങ്ങുന്ന ബിസനസ് ആരംഭിക്കാം, പലവ്യജ്ഞനം മുതല്‍ എച്ച്ആര്‍ ഒ.ടി.ടിവരെ; ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്


കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി ജനങ്ങളെ ആകര്‍ഷിച്ചത് എണ്ണൂറ് രൂപയില്‍ ബിസിനസ് ആരംഭിക്കാമെന്ന വാഗ്ദാനം നല്‍കി. ഇതിലൂടെ ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയത് ദശകോടികളുടെ ജിഎസ്ടി വെട്ടിപ്പാണെന്നാണ് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.
ഇതുവരെ നടത്തിയ പരിശോധനയില്‍ 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. എംഎല്‍എം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കേവലം എണ്ണൂറ് രൂപയില്‍ ബിസിനസ് ആരംഭിക്കാമെന്നാണ് ഇവരുടെ പ്രധാന വാഗ്ദാനം.
മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേര്‍ക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ചങ്ങലയില്‍ താഴെയുള്ളവര്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുകളിലുള്ളയാള്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.
റോയല്‍റ്റി ക്യാഷ് റിവാര്‍ഡ്, ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകള്‍ നല്‍കിയാണ് കമ്പനി ആളുകളെ ആകര്‍ഷിച്ചത്. നിലവില്‍ 600 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങള്‍ക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷന്‍ ഒടിടി എന്ന പ്ലാറ്റ്‌ഫോം വിലക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരില്‍ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്. നിരവധി ചിത്രങ്ങള്‍ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിര്‍മാണവും കമ്പനി പ്രഖ്യാപിച്ചിരുന്നു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം കമ്പനി ഡയരക്ടര്‍ എംഡി പ്രതാപന്‍ കോലാട്ട ദാസന്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നെരുവിശേരി ആറാട്ടുപുഴയിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഓഫിസില്‍ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ നികുതി ബാധ്യത കമ്പനിയ്ക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ രാജന്‍ സി നായര്‍ കഴിഞ്ഞ മാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരള ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടി ആരംഭിച്ചത്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കമ്പിനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് എര്‍ണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയില്‍ ഹാജരാക്കിയ പ്രതാപനെയും ഭാര്യ ശ്രീനയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
കമ്പനി ഡയറക്ടര്‍മാരായെ പ്രതാപനെയും ഭാര്യയെയും നേരത്തെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജി.എസ്. ടി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. പരിശോധനയ്ക്കു പിന്നാലെ രണ്ടു തവണകളായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
എം.എല്‍.എം മോഡലിലുള്ള ഇ-കൊമെഴ്സ് പ്‌ളാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പെന്നാണ് കേരള ജി.എസ്. ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണയായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കുറ്റം കണ്ടെത്തിയിട്ടും ഇത്തരമൊരു നടപടി ഹൈറിച്ചിനെതിരെ ഉണ്ടായിട്ടില്ല. പല ഉന്നത ഉദ്യേഗസ്ഥര്‍ക്കും ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് നിക്ഷേപകര്‍ പരാതി ഉയര്‍ത്തിയിട്ടുമുണ്ട്.
എംഎല്‍എമ്മിന്റെ മറവില്‍ തട്ടിപ്പ് നടത്തുന്ന ഹൈറിച്ച് ഉള്‍പ്പെടെയുള്ള കമ്പനികളെക്കുറിച്ചും നേരത്തെ തന്നെ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെന്നും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷന്‍ (എഐടിയുസി) വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന ഹൈറിച്ച് കമ്പനിയുടെ വിറ്റുവരവ് ഇതിലും വലുതാണെന്നും വളരെ ഗൗരവപൂര്‍ണമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവണമെന്നും ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ സി സതീശന്‍ ആവശ്യപ്പെട്ടു.