NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ വനിതകള്‍ നിയന്ത്രിക്കും; ജില്ലയില്‍ 80 മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുക. ഇതില്‍ മൂന്നെണ്ണം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണെന്ന പ്രത്യേകതയുമുണ്ട്.

നിലമ്പൂര്‍ മണ്ഡലത്തിലെ 110-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ മാര്‍ത്തോമാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചുങ്കത്തറ(ഈസ്‌റ്റേണ്‍ സൈഡ്), തവനൂര്‍ മണ്ഡലത്തിലെ 75-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് കാടഞ്ചേരി, പൊന്നാനി മണ്ഡലത്തിലെ 73-ാം നമ്പര്‍ പോളിങ് സ്‌റ്റേഷനായ ജി.എച്ച്.എസ്.എസ് മാറഞ്ചേരി എന്നിവയാണ് ഒരേ സമയം വനിതാ-മാതൃകാ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നവ. വനിത പോളിങ് സ്‌റ്റേഷനുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, പോളിങ് ഓഫീസര്‍മാര്‍, പൊലീസ് എന്നിവരുള്‍പ്പടെ പൂര്‍ണമായി വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

അതേ സമയം ഓരോ മണ്ഡലങ്ങളിലും അഞ്ചെണ്ണം വീതം 80 മാതൃക പോളിങ് സ്‌റ്റേഷനുകളും ജില്ലയിലുണ്ടാകും. വോട്ടു ചെയ്യാനെത്തുന്നവര്‍ക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകളിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *