കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു


ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ നാൽവർ സംഘത്തിലെ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു.
തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ടു വിളിച്ച ഫോൺ കോളിലേതു സ്ത്രീയുടെ ശബ്ദമാണ്. കുട്ടിയെ കാണാതായിട്ട് 13 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു.
കൊല്ലം ഓയൂരിൽ നിന്നുമാണ് ആറുവയസ്സുകാരിയെ തിങ്കളാഴ്ച രാവിലെ അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അബിഗേൽ സാറ റെജി, റെജി ജോണിന്റെയും സിജി ജോണിന്റെയും മകളാണ്. തിങ്കളാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം.
എട്ടുവയസ്സുള്ള മൂത്ത സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടെ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെന്ന് സംശയിക്കുന്ന സംഘം വെള്ള കാറിൽ വന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തടയാൻ ശ്രമിച്ചപ്പോൾ അവർ സഹോദരനെ തള്ളിമാറ്റി പെൺകുട്ടിയെ കാറിൽ കയറ്റിവിടുകയായിരുന്നുവെന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരന് കാൽമുട്ടുകൾക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. രണ്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് കുട്ടികളുടെ മാതാപിതാക്കൾ.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.