NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഹിങ്ക്യന്‍ കുടിയേറ്റക്കാരെ നാടുകടത്തും, മുസ്ലീം സംവരണം വെട്ടിക്കുറയ്ക്കുമെന്ന് ബിജെപി

തെലങ്കാനയില്‍ ബിആര്‍എസിനെ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ രാഷ്ട്രീയ കളികളെന്ന് വിമര്‍ശനം ഉയരുമ്പോള്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് തെലുങ്ക് ദേശം പിടിക്കാനാകുമോയെന്ന കാര്യം പരീക്ഷിക്കുകയാണ് ബിജെപി. തെലങ്കാനയിലെ മുസ്ലിം സംവരണത്തിനെതിരായി രംഗത്തെത്തി പ്രകടന പത്രികയിലടക്കം മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞു കൊണ്ടാണ് പിന്നാക്ക വോട്ടുകളും സവര്‍ണ വോട്ടുകളും നേടാനുള്ള സാമുദായിക ധ്രുവീകരണ പ്ലാന്‍ ബിജെപി ഇറക്കിയിരിക്കുന്നത്.

തെലങ്കാനയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലടക്കം നിര്‍ണായക സ്വാധീനമാകാന്‍ ബിജെപി കിണഞ്ഞു പരിശ്രമിച്ചെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളുള്ള സംസ്ഥാനത്ത് നാല് എംപിമാരെ കിട്ടിയതാണ് ബിജെപിയ്ക്കുണ്ടായ വലിയ വിജയം. സംസ്ഥാന തിരഞ്ഞെടുപ്പില്‍ 2018ല്‍ ബിജെപിയ്ക്ക് ജയിക്കാനായത് ഒരു എംഎല്‍എ ആയിരുന്നെങ്കില്‍ 2023 ആകുമ്പോഴേക്കും എംഎല്‍എമാരുടെ എണ്ണം 6 ആക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കെ ചന്ദ്രശേഖര്‍ റാവുവുന്റെ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം ചാടിപ്പോയവരാണ് ബിജെപിക്കാരായത്.

 

തെലങ്കാന പിടിക്കാന്‍ കോണ്‍ഗ്രസ് ശക്തമായി കോപ്പുകൂട്ടുമ്പോള്‍ ബിആര്‍എസുമായുള്ള രഹസ്യ ബാന്ധവം തുടരുന്ന ബിജെപി സ്വന്തം നിലയില്‍ വോട്ട് കഴിയുന്നത്ര പിടിച്ച് പിന്നീട് ആവശ്യമെങ്കില്‍ ബിആര്‍എസ് തണലിലേറാനാണ് ശ്രമിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ ധ്രൂവീകരണം ലക്ഷ്യം വെച്ചുള്ള ബിജെപി വാഗ്ദാനങ്ങളും പ്രകടനപത്രികയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിട്ടത്.

അങ്ങ് ഉത്തരേന്ത്യയില്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ച് ഭരണം കയ്യാളിയ അതേ രീതിയില്‍ ഹിന്ദുത്വ വോട്ട് ബാങ്ക് തെക്കേ ഇന്ത്യയിലും ഒരുക്കാന്‍ മുസ്ലിം സമുദായായിക സംവരണത്തിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്. തെലങ്കാനയിലെ ഹിന്ദുത്വ വോട്ട് സമീകരിക്കാന്‍ മുസ്ലിം സമുദായം അര്‍ഹതയില്ലാത്ത സംവരണ ആനുകൂല്യം അനുഭവിക്കുന്നുവെന്ന വികാരം ഉണര്‍ത്താനാണ് അമിത് ഷായും ബിജെപിയും ശ്രമിക്കുന്നത്.

തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുസ്‌ലിംകളുടെ സംവരണം എടുത്തു കളയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊതുറാലിയില്‍ അറിയിക്കുകയായിരുന്നു. ഹൈദരാബാദിനടുത്ത ജനഗോനിലെ റാലിയില്‍ സംസാരിക്കവെ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അമിത് ഷാ ബിജെപി നയം വ്യക്തമാക്കിയത്.

അധികാരത്തിലെത്തിയാല്‍ മുസ്‌ലിംകള്‍ക്ക് നിലവിലുള്ള നാലു ശതമാനം സംവരണം എടുത്തുകളയും. ഇത്തരത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ശരിയല്ല, ഇത് വെട്ടിക്കുറച്ച് പകരം പിന്നാക്ക വിഭാഗക്കാരുടെ ക്വോട്ട ഉയര്‍ത്തുമെന്നാണ് അമിത് ഷാ പറയുന്നത്. പട്ടിക ജാതി, പട്ടിക വര്‍ഗം, ഒബിസി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതായിരിക്കും ബിജെപി സര്‍ക്കാരെന്നാണ് അണിത് ഷായുടെ പ്രകടനപത്രിക വാഗ്ദാനം. തെലങ്കാനയിലെ കെസിആറിന്ഡറെ സര്‍ക്കാരും ബിആര്‍എസ് പാര്‍ട്ടിയും എതിരാളികളായ കോണ്‍ഗ്രസും പിന്നാക്ക വിരുദ്ധരാണെന്ന് കൂടി പറയാന്‍ അമിത് ഷാ മടിച്ചില്ല. പിന്നാക്കക്കാരെ ഉണര്‍ത്തി മുന്നോട്ട് കൊണ്ടുവന്ന് വേണ്ടതെല്ലാം നല്‍കാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയുവെന്നും അമിത് ഷാ പറയുന്നു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ‘സകല ജനുല സൗഭാഗ്യ തെലങ്കാന’ എന്ന പ്രകടനപത്രികയുടെ അര്‍ത്ഥം തെലങ്കാനയുടെ ജനങ്ങളുടെ ക്ഷേമമാണ്. മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും. മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കുമെന്നും അത് പിന്നാക്കക്കാര്‍ക്കും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും വീതിയ്ക്കുമെന്നും ബിജെപി വാഗ്ദാനം നല്‍കുന്നുണ്ട്.

അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ അജണ്ടയാണ് തെലങ്കാനയില്‍ കെസിആര്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആക്ഷേപിച്ചു കൊണ്ടാണ് അമിത് ഷാ ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുന്നത്. തെലങ്കാനയില്‍ ബിജെപിക്ക് മുസ്‌ലിം വിരുദ്ധ പ്രസംഗമല്ലാതെ മറ്റൊരു കാഴ്ചപ്പാടുമില്ലെന്നും ഉവൈസി മറുപടി നല്‍കുമ്പോഴും തങ്ങളുടെ വോട്ടുകള്‍ ധ്രുവീകരണത്തിലൂടെ ഏകീകരിക്കാനുള്ള വഴി തുറക്കുകയാണ് പ്രകടനപത്രികയിലൂടെ ബിജെപി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ രോഹിങ്ക്യന്‍ അടക്കം എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്നും പ്രകടന പത്രികയില്‍ ബിജെപി ഉറപ്പുനല്‍കുന്നുണ്ട്.

നവംബര്‍ 9ന് തെലങ്കാനയില്‍ ന്യൂനപക്ഷ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിനുള്ള മറുപടി കൂടിയാണ് ബിജെപിയുടെ പ്രകടനപത്രിക. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി 4000 കോടി രൂപയുടെ വാര്‍ഷിക ക്ഷേമ ബജറ്റ് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റേത് മുസ്ലീം പ്രീണനമാണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. തെലങ്കാനയ്ക്ക് അപ്പുറം ഉത്തരേന്ത്യ കൂടി കണ്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനത്തെ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

 

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും ജോലിയിലും വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ പദ്ധതികളിലും ന്യായമായ സംവരണം ് ഉറപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ’ന്യൂനപക്ഷ പ്രഖ്യാപനം’ നടത്തിയത്. പക്ഷേ ഇതെല്ലാം വളച്ചൊടിച്ചാണ് ബിജെപി പ്രചാരണമെന്നും സാമുദായിക വിദ്വേഷം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മൊഹമ്മദ് അലി ശബീര്‍ തിരിച്ചടിച്ചെങ്കിലും തെലങ്കാനയില്‍ ബിജെപി സ്ട്രാറ്റജി ഉറപ്പിച്ച് കളത്തിലിറങ്ങിയിരിക്കുന്നത് പലതും പ്രതീക്ഷിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *