NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘നവ കേരള സദസിൽ ഒരു ലീഗുകാരനും പങ്കെടുക്കില്ല’; എൻ എ അബൂബക്കറിനെ തള്ളി മുസ്ലിം ലീ​ഗ് നേത‍ൃത്വം

മലപ്പുറം: നവ കേരള സദസിൽ പങ്കെടുത്ത മുസ്ലിം ലീ​​ഗ് നേതാവ് എൻ എ അബൂബക്കറിനെ തള്ളി മുസ്ലിം ലീ​ഗ് നേതൃത്വം. എൻ എ അബൂബക്കറിന് പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. നേരത്തേ ഭാരവാഹിത്വമുണ്ടായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ ഭാരവാ​ഹിയല്ലെന്നും ഉത്തരവാദിത്വപെട്ട ആരും നവ കേരളാ സദസിലേക്ക് പോകില്ല എന്ന് തന്നെയാണ് വിശ്വാസമെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സാദിഖലി ശിബാഹ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സമാനമായ പ്രതികരണമാണ് നടത്തിയത്.

ഇതിനിടെ മാർക്സിസ്റ്റ് പാ‍ർട്ടിയുമായി ഇനി കൂട്ടില്ലെന്ന പൂക്കോയ തങ്ങളുടെ വാക്കുകളെ ആവർ‌ത്തിച്ച് പറഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കി കെ പി എ മജീദും രം​ഗത്തെത്തി. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല എന്ന പൂക്കോയ തങ്ങളുടെ വാക്കുകളാണ് മജീദ് ഫേസ്ബുക്കിൽ കുറിച്ചത്.

 

കെ പി എ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.

തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്.

”അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.”

പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.

മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!