കളമശ്ശേരി സ്‌ഫോടനം: ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് ഒറ്റക്കെന്ന് നിഗമനം


കളമശ്ശേരി സ്‌ഫോടനത്തിനായി ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കെന്ന നിഗമനത്തിലാണു പോലീസ്. മറ്റാരുടെയും സഹായം ഇയാള്‍ക്കു ലഭിച്ചതിന് ഇതുവരെ തെളിവില്ല. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ കളമശ്ശേരിയില്‍ എത്തും.
രാവിലെ തിരുവനന്തപുരത്ത് സര്‍വ കക്ഷിയോഗം ചേരുന്നുണ്ട്. കളമശ്ശേരിയിലെ എ ആര്‍ ക്യാംപില്‍ പ്രതി മാര്‍ട്ടിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഒറ്റക്കാണ് എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കിയത് എന്നാണു വ്യക്തമാവുന്നത്. സ്‌ഫോടനത്തിനുപയോഗിച്ച ഐ ഇ ഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണു സ്‌ഫോടനം നടത്തിയത്. ഫോര്‍മാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. യൂടൂബില്‍ നിന്ന് കൂടുതല്‍ പഠിച്ചു. തലേ ദിവസം കൊച്ചിയിലെ വീട്ടിലാണു ബോംബ് നിര്‍മിച്ചത് എന്നാണുവിവരം. സ്‌ഫോടനം നേരത്തെ പരീക്ഷണം നടത്തിയിരുന്നോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ യുട്യൂബ് ലോഗിന്‍ വിവരങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിക്കുന്നു. സംഭവം ഉണ്ടായ ഉടനെ സംഭവ സ്ഥലത്തുനിന്നു പുറത്തുപോയ നീല കാറിനെ സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കാറിന്റെ യഥാര്‍ഥ നമ്പര്‍ ഒരാള്‍ പോലീസിനെ അറിയിച്ചതായാണ് വിവരം. എന്തിനാണു വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചത് എന്നകാര്യത്തില്‍ ദുരൂഹത തുടരുകയാണ്.