തിയേറ്ററിൽ സിനിമ കാണുന്നവരുടെ ഇടയിൽ നഗ്നനായി മുട്ടിൽ ഇഴഞ്ഞുമോഷണം; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി.


തിരുവനന്തപുരം: ആറ്റിങ്ങലിൽ തിയേറ്ററിൽ സിനിമ കാണുന്നവരുടെ ഇടയിൽ നഗ്നനായി മുട്ടിൽ ഇഴഞ്ഞു മോഷണം നടത്തിയ ആളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി. തിയേറ്ററിൽ സിനിമ കാണാനെത്തിയ കടയ്ക്കാവൂർ, ചിറയിൻകീഴ് സ്വദേശിനികളായ യുവതികളുടെ പേഴ്സ് മോഷണം പോയിരുന്നു.
ഇതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. പഴ്സ് മോഷണം പോയതിനെ തുടർന്ന് യുവതികൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ആദ്യം തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റർവെൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്നു. ശേഷം വസ്ത്രം ഊരിമാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടേയും സീറ്റിന് അടുത്തെത്തി മോഷണം നടത്തുകയായിരുന്നു.
സിനിമയിൽ മുഴുകി ഇരിക്കുന്നവർ ഇത് ശ്രദ്ധിച്ചില്ല. ഈ രീതിയിലുള്ള മോഷണം ഇയാൾ പതിവായി നടത്തി വരുന്നുണ്ടാകും എന്നും സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.