കൊലപാതക കേസിലെ പ്രതി, കളവ് കേസിൽ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ


പരപ്പനങ്ങാടി : മോഷണക്കേസ് പ്രതിയിൽ നിന്നും അറിഞ്ഞുകൊണ്ട് മോഷ്ടിച്ച പണം വാങ്ങി സ്വന്തം പേരിൽ മിനി പിക്കപ്പ് വാൻ വാങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശിയും പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ചാലിയിൽ കടവത്ത് മാളിയിൽ വീട്ടിൽ ആഷിഖ് എന്ന പോത്ത് ആഷിഖി (36) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 20-ന് രാത്രി പരപ്പനങ്ങാടിയിലെ അപ്പൂസ് ഡ്രൈവിംഗ് സ്കൂളിൽനിന്നും ഒന്നര ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്കിൽ നിന്നാണ് ഇയാൾ പോത്ത് വളർത്തൽ ചെയ്യാമെന്ന് പറഞ്ഞു പലവിധങ്ങളിലായി പണം കൈവശപ്പെടുത്തിയത്. ഡ്രൈവിംഗ് സ്കൂളിൽനിന്നും പണം കവർന്ന ഉടനെ റസാഖ് ഇയാളെ വിളിച്ചതായി പോലീസ് പറഞ്ഞു.
റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആഷിഖ് പിടിയിലാകുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പല സ്ഥലങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു. പിന്നീട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മഞ്ചേരിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. 2012 ൽ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷനിൽ ഇയാളുടെപേരിൽ ഒരു കൊലപാതക കേസും, താനൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ വിവിധ മോഷണം കേസുകളും നിലവിലുണ്ട്.
മോഷ്ടിച്ച പണം കൊണ്ട് ആർഭാടം ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം താനൂർ ഡി.വൈ.എസ്പി. വി.വി. ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടിസി.ഐ. കെ.ജെ. ജിനേഷ്, എസ്.ഐ. ആർ.യു.അരുൺ, സീനിയർ സി.പി.ഒ.അനിൽകുമാർ, സി.പി.ഒ മാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.