സ്വർണമാലയ്ക്കും മോതിരത്തിനുമായി സുഹൃത്തിനെ വീട്ടിൽവിളിച്ചുവരുത്തി തലയ്ക്കടിച്ചുകൊന്നയാൾ പിടിയിൽ


സ്വർണമാലയും മോതിരവും സ്വന്തമാക്കാനായി സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തി തലയ്ക്കടിച്ചുകൊന്നശേഷം വെള്ളക്കെട്ടിൽ തള്ളിയ 67കാരൻ അറസ്റ്റിൽ. ഹരിപ്പാട് തുലാംപറമ്പ് വടക്കുംമുറി മാടവന കിഴക്കതിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് പിടിയിലായത്. തുലാംപറമ്പ് വടക്ക് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്.
ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് ചെറുതന വെട്ടുവേലിൽ ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ തോട്ടിൽ കണ്ടത്. ചന്ദ്രൻ ധരിച്ചിരുന്ന ഒരുപവന്റെ മോതിരം പ്രതിയുടെ ബന്ധു ഹരിപ്പാട്ടെ ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചിരുന്നത് പൊലീസ് കണ്ടെടുത്തു. പതിവായി ധരിക്കാറുള്ള സ്വർണമാല സംഭവദിവസം ചന്ദ്രൻ വീട്ടിൽ ഊരിവെച്ചിരിക്കുകയായിരുന്നു.
മഴയത്ത് കാൽവഴുതിവീണു മരിച്ചതാകാമെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. തലയിൽ ചെറിയ മുറിവുമുണ്ടായിരുന്നു. വീഴ്ചയിൽ കല്ലിൽത്തട്ടിയാലും ഇതേരീതിയിൽ മുറിവുണ്ടാകാമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പൊലീസിനെ അറിയിച്ചിരുന്നു. ചന്ദ്രന്റെ സൈക്കിളും മൃതദേഹംകിടന്ന വെള്ളക്കെട്ടും തമ്മിൽ 30 മീറ്ററോളം അകലമുണ്ടായിരുന്നു. സ്ഥലപരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായ സംശയം മേലുദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് കായംകുളം ഡിവൈ എസ് പി ജി അജയ്നാഥ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വെട്ടുവേലിൽ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലേക്ക് ചന്ദ്രൻ പോകുന്നതിന്റെ അവ്യക്തമായ ദൃശ്യം ലഭിച്ചു. എന്നാൽ, അവിടെനിന്നു പുറത്തേക്കുവരുന്ന ദൃശ്യം കണ്ടതുമില്ല. തുടർന്ന് ഈ വീട്ടിൽ താമസിക്കുന്ന ഗോപാലകൃഷ്ണന്റെ നീക്കം സംഘം രഹസ്യമായി നിരീക്ഷിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സാമ്പത്തിക പ്രയാസമുള്ളതിനാൽ ചന്ദ്രനോട് പണം കടംചോദിച്ചെന്നും തരാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ തടികൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്നുമാണ് പ്രതിയുടെ മൊഴി.