NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗാസയിലെ ആശുപത്രിയിൽ വൻസ്ഫോടനം; 500 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വൻ സ്ഫോടനത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ആശുപത്രി തകർന്നതെന്ന് ഹമാസും ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റിയാണ് സ്ഫോടനമുണ്ടായതെന്ന് ഇസ്രായേലും ആരോപിച്ചു. ഗാസ സിറ്റിയിലെ അൽ- അഹ്‌ലി അറബ് ഹോസ്പിറ്റലിൽ വീടു നഷ്ടപ്പെട്ടവരും പരുക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു.

 

അതേസമയം, ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവരും യുഎൻ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇസ്രായേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.

 

അതേസമയം, ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേൽ തള്ളി. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. പലസ്തീനിൽ നിന്നുള്ള ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈൽ വഴിതെറ്റി വീണാണ് ആശുപത്രിയിൽ സ്ഫോടനമുണ്ടായ തെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇസ്ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു.

 

ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ”ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്”- കുറിപ്പിൽ വിശദീകരിക്കുന്നു.

 

ഇസ്ലാമിക് ജിഹാദികൾ ഇസ്രായേലിനെതിരെ തൊടുത്ത മിസൈൽ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയിൽ പതിച്ചതാകാമെന്ന് ഇസ്രായേൽ സൈനിക വക്താവും അറിയിച്ചു. അൽ അഹ്‌ലി ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയിൽ നിന്ന് തന്നെ നിരവധി റോക്കറ്റുകൾ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രി ആക്രമിക്കപ്പെട്ടത്. ഐഡിഎഫ് പ്രവർത്തന സംവിധാനങ്ങൾ വിശകലനം ചെയ്തപ്പോൾ, ഗാസയിൽ നിന്ന് മിസൈൽ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച ഇന്റലിജൻസ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രായേൽ സൈനിക വക്താവ് എക്സിൽ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *