മൊബൈൽ അപ്ലിക്കേഷൻ നിർമ്മിച്ച് മൂന്നക്ക ലോട്ടറി : ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.


പരപ്പനങ്ങാടി : മൂന്നക്ക ലോട്ടറി എഴുത്ത് നടത്തിയിരുന്ന പ്രധാന പ്രതിയെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി കല്ലിങ്ങൽ റഫീഖ് (40) നെയാണ് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
കഴിഞ്ഞ ജൂൺ മാസം 16 ന് പരപ്പനങ്ങാടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്നക്ക ലോട്ടറിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ, ലോട്ടറി വില്പനയ്ക്കായി ‘വിക്കിപീഡിയ’ എന്ന മൊബൈൽ അപ്ലിക്കേഷൻ നിർമ്മിച്ചിറക്കിയ പ്രധാന പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ 9 പേരെ പിടികൂടിയിരുന്നു.
ആദ്യം അറസ്റ്റ് ചെയ്തിട്ടുള്ള ജനീഷ് എന്നയാളുടെ മൊഴിപ്രകാരം അയാൾക്ക് മൊബൈൽ അപ്ലിക്കേഷൻ നൽകിയ ആളുകളെ കുറിച്ച് അന്വേഷണം നടത്തിയതോടെ സന്തോഷ് കുമാർ, ബീരാൻകോയ, രമേശൻ, ഗോവിന്ദൻ, മജീദ് സതീഷ്, പരിയാപുരം സ്വദേശിയായ സാദിഖ്, ശശി എന്നിവരെയും പിടികൂടിയിരുന്നു.
ഇത് അറിഞ്ഞതോടെ ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളം വഴി രക്ഷപ്പെട്ടു. പോലീസ് അന്വേഷണത്തിൽ ജില്ലയിൽ മൊത്തമായി ‘വിക്കിപീഡിയ’ എന്ന പേരിലുള്ള അപ്ലിക്കേഷൻ ഇയാളാണ് കൊടുത്തിട്ടുള്ളത് എന്നതിനാൽ താനൂർ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നിർദ്ദേശപ്രകാരം എല്ലാ വിമാനത്താവളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു.
കേരളത്തിൽ ഇറങ്ങിയാൽ പോലീസ് പിടികൂടുമെന്നതിനാൽ ബാംഗ്ലൂരിൽ ഇറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പരപ്പനങ്ങാടി എസ്.എച്ച്.ഒ. കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു.അരുൺ, പരമേശ്വരൻ, സീനിയർ സി.പി.ഒ. സ്മിതേഷ്, സി.പി.ഒ മാരായ മുജീബ് റഹ്മാൻ, ശ്രീനാഥ്, സച്ചിൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ആപ്ലിക്കേഷൻ ഉപയോഗിച്ച് ലോട്ടറി വിപണനം നടത്തിയിട്ടുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. സമാനമായ രീതിയിൽ മൊബൈൽ ആപ്പ് ഉപയോഗിച്ച് വിപണം നടത്തുന്നവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെയും പിടികൂടാനുള്ള ഒരുക്കത്തിലാണ്പോലീസ്.