‘പിഎംഎ സലാമിന്റെ പരാമർശം തെറ്റിദ്ധാരണ മൂലം’; ഭിന്നത പരിഹരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി


കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മിലുളള ഭിന്നത പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. രണ്ടു സംഘടനകള്‍ക്കിടയിലും പരമ്പരാഗതമായ ബന്ധമാണുളളത്. പിഎംഎ സലാമിന്റെ പരാമർശത്തിലുണ്ടായ വിവാദത്തിൽ സാദിഖ് അലി തങ്ങളും ജിഫ്രി തങ്ങളും പറഞ്ഞതാണ് അവസാന വാക്ക്. പ്രസ്താവനകള്‍ ഇനി തുടരേണ്ടതില്ല. അതാണ് പാര്‍ട്ടിയുടെ രീതി. അത് കര്‍ശനമായി പാലിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ട് സംഘടനകളാകുമ്പോള്‍ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ വരാം. സാദിഖ് അലി തങ്ങള്‍ക്ക് എസ്‌കെഎസ്എസ്എഫിന്റെ പ്രസിഡന്റ് ആയി വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്. മതരംഗത്ത് വളരെ സജീവമായിട്ട് അദ്ദേഹം നില്‍ക്കുന്നു. ഹമീദ് അലി ശിഹാബ് തങ്ങളും ഇപ്പോള്‍ അതേ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പിഎംഎ സലാമിന് ഇത് സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ്. തെറ്റിദ്ധാരണകൊണ്ടുണ്ടായതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമസ്തയുമായുളള പാണക്കാട് കുടുംബത്തിന്റെ ബന്ധത്തിനോ പാണക്കാട് കുടുംബവുമായി സമസ്തയുടെ ബന്ധത്തിനോ ഒരു മാറ്റവും വരില്ല. രണ്ട് അദ്ധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ അതാണ് അവസാന വാക്ക്. സമസ്തയിലുളള ബഹുഭൂരിപക്ഷവും ലീഗുകാരാണ്. ലീഗിലുളളത് ബഹുഭൂരിപക്ഷവും സമസ്തയിലുളളവരാണ്. മറ്റ് സംഘടനകളിലുളളവരുമുണ്ട്. മതവിശ്വാസം മുഖ്യഘടകമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പുകള്‍ വരും പോകും ലീഗും സമസ്തയും തമ്മിലുളള ഐക്യം തുടരുകയും ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഈ മാസം 18ന് യുഡിഎഫ് സമരം ചെയ്യുന്നുണ്ട്. വിഴിഞ്ഞം തുറമുഖം വേണമെന്ന നിലപാട് എടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ ചെയ്ത വലിയ പ്രവര്‍ത്തനം മൂലം പ്രാരംഭഘട്ടത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ പറ്റി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കണം. അത് പരിഹരിച്ചുകൊണ്ട് തുറമുഖവുമായി മുന്നോട്ട് പോകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ തുനിഞ്ഞാൽ വലിയ പ്രതിഷേധം രാജ്യത്തുയർന്നു വരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അധിക സീറ്റ് ആവശ്യപ്പെടുന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി ജാതി സെൻസസ് വേണമെന്നാണ് ലീഗ് നിലപാടെന്നും ചൂണ്ടിക്കാണിച്ചു.