പോലീസ് ചമഞ്ഞ് തണ്ണിമത്തൻ കച്ചവടക്കാരനെ തട്ടിക്കൊണ്ട് പോയി ; വാനും പണവും കവര്‍ന്ന 5 പേർ പിടിയിൽ


പോലീസ് ചമഞ്ഞ് തണ്ണിമത്തൻ വില്ക്കുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പിക്കപ്പ് വാനും മൊബൈലും പണവും മോഷ്ടിച്ച അഞ്ചംഗസംഘത്തെ പോലീസ് പിടികൂടി.
പരപ്പനങ്ങാടി ചെട്ടിപ്പടി ഉള്ളണം സ്വദേശി വി.സി. ഷബീര്‍ (ചാളബാബു-38), ഫറോക്ക് പെരുമുഖം സ്വദേശി കെ. ധനീഷ് (കുട്ടാപ്പി-30), കരുവൻതുരുത്തി സ്വദേശിയും കൊണ്ടോട്ടി കൊട്ടപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കെ.എം. മുഹമ്മദ് മര്‍ജാൻ (31), ബേപ്പൂര്‍ വായനശാല സ്വദേശിയും ഇപ്പോള്‍ വൈദ്യരങ്ങാടി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷിബിൻ (34) വൈദ്യരങ്ങാടി തെക്കേപ്പുറം സല്‍മാനുല്‍ ഫാരിസ് (21) എന്നിവരെയാണ് പിടികൂടിയത്.
പള്ളിക്കല്‍ സ്വദേശി ഫൈസല്‍ ഫാരീസ് രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്ത് പിക്കപ്പ് വാനില്‍ തണ്ണിമത്തൻ വില്ക്കുന്നതിനിടെയാണ് ഇയാളെ സംഘം തട്ടിക്കൊണ്ടുപോയത്.
പതിനൊന്നാം മൈലിനടുത്ത് ഹൊറൈസണ്‍ കുന്നില്‍ കൊണ്ടുപോയി പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡൻസാഫ് ആണെന്ന് പറയുകയും ഒരുലക്ഷംരൂപ തന്നാല്‍ കേസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞ് മര്‍ദിച്ച് ഇയാളെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.