സിഎൻജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു


ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു.
കണ്ണൂര്‍ കതിരൂര്‍ ആറാംമൈല്‍ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. പാനൂർ പാറാട് സ്വദേശികളും അയൽവാസികളുമായ പിലാവുള്ളതിൽ അഭിലാഷ് (36), ഷജീഷ് (30) എന്നിവരാണ് മരിച്ചത്.
തലശ്ശേരി-കൂത്തുപറമ്പ് റോഡിൽ ആറാംമൈലിന് സമീപം മൈതാനപ്പള്ളിയിലാണ് ദാരുണമായ അപകടമുണ്ടായത്. തലശ്ശേരി ഭാഗത്തുനിന്ന് വന്ന എം ഫോർ സിക്‌സ് ബസും സിഎൻജിയിൽ ഓടുന്ന കെ എൽ 58 എജി 4784 ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞ ഓട്ടോയില്‍ തല്‍ക്ഷണം തീപടര്‍ന്നു. വന്‍തോതില്‍ തീപടര്‍ന്നതോടെ ഡ്രൈവറും യാത്രക്കാരനും ഓട്ടോയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തീ ആളിക്കത്തിയോടെ സമീപത്തുണ്ടായിരുന്നവര്‍ക്ക് ആർക്കും സമീപത്തേക്ക് അടുക്കാനോ തീ അണയ്ക്കാനോ സാധിച്ചില്ല.
അഗ്നിരക്ഷാ സേന ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.