ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം, അദീല അബ്‌ദുല്ലയ്ക്ക് പകരം ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി


തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വിഴിഞ്ഞം തുറമുഖ എംഡി അദീല അബ്ദുള്ളയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കി. പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കാണ് വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ ചുമതല. സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ഡയറക്ടറുടെ ചുമതലയും ദിവ്യ എസ് അയ്യര്‍ക്കാണ്.
കോഴിക്കോട് ,ആലപ്പുഴ, മലപ്പുറം, കണ്ണൂർ ,കൊല്ലം ജില്ലാ കളക്ടർമാക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി.സാമുവലാണ് പുതിയ ആലപ്പുഴ കളക്ടര്‍. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും.