കേരള ഹൈക്കോടതിക്ക് പുതിയ അഞ്ച് ജഡ്ജിമാർ; നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു


അഞ്ച് ജില്ലാ ജഡ്ജിമാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം ബി സ്നേഹലത ഉൾപ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാർശ. ശുപാർശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി. എം ബി സ്നേഹലത, ജോൺസൻ ജോൺ, പി കൃഷ്ണകുമാർ, ജി ഗിരീഷ്, സി പ്രദീപ്കുമാർ എന്നിവരെയാണ് കൊളീജിയം ശുപാർശ ചെയ്തത്. എം ബി സ്നേഹലത കൊല്ലം ജില്ല ജഡ്ജിയും, ജോൺസൺ ജോൺ കൽപ്പറ്റ ജില്ല ജഡ്ജിയുമാണ്.
തൃശ്ശൂർ ജില്ലാ ജഡ്ജിയാണ് ജി ഗിരീഷ്. സി പ്രദീപ്കുമാർ കോഴിക്കോട് ജില്ല ജഡ്ജിയാണ്. ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് പി കൃഷ്ണകുമാർ. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് ശുപാർശ. ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ചേർന്ന ഹൈക്കോടതി കൊളീജിയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം.