ആഡംബര കാറിൽ ലഹരി ഉൽപ്പന്നങ്ങൾ കടത്തിയ 2 പേർ അറസ്‌റ്റിൽ


ഡോക്‌ടറുടെ എംബ്ലം പതിച്ച ആഡംബര കാറിൽ കടത്തിയ അയ്യായിരത്തോളം പാക്കറ്റ് ഹാൻസുമായി പാലക്കാട് സ്വദേശികളായ രണ്ട് പേർ തൃശൂരിൽ പിടിയിലായി. ഒറ്റപ്പാലം സ്വദേശികളായ കറുപ്പും വീട്ടിൽ റഷീദ് (37), മാങ്ങാട്ടുവളപ്പിൽ വീട്ടിൽ റിഷാൻ (30) എന്നിവരെയാണ് വിയ്യൂർ എസ്എച്ച്ഒ കെ സി ബെെജുവും സംഘവും പിടികൂടിയത്.
ആഡംബര കാറിൽ ലഹരി ഉൽപ്പന്നങ്ങൾ കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പവർഹൗസ് ജംഗ്‌ഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി എർട്ടിഗ കാറിൽ ഏഴു ചാക്കുകളിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
17,000 ത്തോളം രൂപയും മൊബൈൽ ഫോണുകളും ഒരു ലക്ഷം വില വരുന്ന ലഹരി ഉൽപ്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഡോക്‌ടർമാർ വാഹനത്തിൽ ഒട്ടിക്കുന്ന എംബ്ലം കാറിൽ ഒട്ടിച്ചിരുന്നു.
സീസിപിഒമാരായ അജയ്ഘോഷ്, രാജേഷ് സിപിഒമാരായ പിസി അനിൽകുമാർ, വൈ ടോമി, ഡാൻസാഫ് സ്കോഡിലെ എസ്ഐ ഗോപാലകൃഷ്ണൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായി.
ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ നിരോധിത ലഹരി വസ്‌തുക്കൾ കേരളത്തിലേക്കെത്തിച്ച് ഇടനിലക്കാർക്ക് വില്പന നടത്തുന്നതാണ് പ്രതികളുടെ രീതി.
പ്രതികളുടെ കൂട്ടാളികൾക്കും ലഹരി കടത്തുന്ന മറ്റു വാഹനങ്ങൾക്കുമായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.