NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആരോഗ്യ വകുപ്പ് നിയമനതട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; ഗൂഢാലോചനയിൽ പങ്കുള്ള അഡ്വ. റഹീസ് അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന കൈക്കൂലി കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത് ഇയാളുടെ അറിവോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് റഹീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

മലപ്പുറം സ്വദേശി ഹരിദാസൻ മരുമകളുടെ ജോലിക്കു വേണ്ടിയാണ് ഇടനിലക്കാരനായ അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നൽകിയതെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്.

15 ലക്ഷം രൂപയാണ് നിയമനത്തിനായി ഇവര്‍ ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ അഖിൽ സജീവ് തയ്യാറാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്.

അതേസമയം മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!