NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ; കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് കേസിലെ പ്രതികളായ ഗ്രീഷ്മയുടെയും അമ്മയുടെയും അമ്മാവന്റെയും വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.

നിലവിൽ നെയ്യാറ്റികര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.

കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി കൊല നടത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കൊലയ്ക്കായി കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ 25 നാണ് ജാമ്യം ലഭിച്ച ഗ്രീഷ്മ ജയിൽ മോചിതയായത്.

Leave a Reply

Your email address will not be published. Required fields are marked *