സംസ്ഥാനത്ത് നാല് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.