നെൽപ്പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ ; പന്നിക്ക് വെച്ച വൈദ്യുതി കെണിയിലെ ഷോക്കേറ്റ് മരിച്ചതെന്ന് സ്ഥലമുടമ,


പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്ന് സൂചന. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് യുവാക്കള് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്ക് സമീപത്തെ നെൽപാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
സതീഷ് (22), ഷിജിത്ത് (22) എന്നിവരാണ് മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് 4 പേരും കരിങ്കരപ്പുള്ളിയിൽ സതീഷിന്റെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
അഭിന്റെയും അജിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിസരത്ത് തിരിച്ചിൽ നടത്തി. തിരച്ചിലിൽ പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തി. സംശയം തോന്നി മണ്ണു നീക്കിയപ്പോൾ ഒരാളുടെ കാൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ സ്ഥലം ഉടമയെ പൊലീസ് ചോദ്യം ചെയ്തു.
കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍നിന്നു വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഉടമ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങൾ മറവു ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം.
മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ പുറത്തെടുത്തു പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. തുടർന്നു മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു.