NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് ഓടിത്തുടങ്ങി; സ്റ്റേഷനുകളിൽ ഗംഭീര സ്വീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച വന്ദേഭാരത് എക്സ്പ്രസിന് ഗംഭീര സ്വീകരണമാണ് സ്റ്റേഷനുകളിൽ ഒരുക്കിയത്.

 

കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ ഉൾപ്പെടെ രാജ്യത്ത് പുതിയ ഒന്‍പത് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.30ന് ഓൺലാനായി നിര്‍വഹിച്ചു. കേന്ദ്ര മന്ത്രി വി മുരളീധരൻ, മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങിയവർ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

കാസർകോട് നിന്ന് യാത്ര തിരിച്ച ട്രെയിനിന് കണ്ണൂർ, കോഴിക്കോട്, തിരൂർ സ്റ്റേഷനുകളിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. മധുരം വിതരണം ചെയ്തും, ജീവനക്കാരെ ആദരിച്ചുമാണ് യാത്രക്കാർ വന്ദേഭാരതിനെ സ്വീകരിച്ചത്. ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാതിരുന്ന തിരൂർ പുതിയ വന്ദേഭാരത് എത്തിയപ്പോൾ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.

 

തൃശൂർ സ്റ്റേഷനിലും വലിയ സ്വീകരണപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വന്ദേഭാരത് എക്സ്പ്രസ് മാതൃകയിൽ പൂക്കളം, കേരളീയ കലാരൂപങ്ങളുടെ അവതരണം, ഫ്ലാഷ് മൊബ് എന്നിവയും തൃശൂർ സ്റ്റേഷനിൽ സംഘടിപ്പിച്ചിട്ടുണ്ട്. 3.30 മുതൽ പരിപാടികൾ ആരംഭിച്ചു. ട്രെയിൻ അഞ്ച് മണിയോടെയാണ് തൃശൂരിൽ എത്തുന്നത്.

ഉദ്ഘാടന സർവീസ് ആയതിനാൽ പതിവ് സ്റ്റോപ്പുകൾക്ക് പുറമെ പയ്യന്നൂർ, തലശേരി, കായംകുളം എന്നിവിടങ്ങളിലും വന്ദേഭാരത് എക്സ്പ്രസ് നിർത്തുന്നുണ്ട്. സ്ഥിരം സർവീസ് ചൊവ്വാഴ്ച മുതലായിരിക്കും.

 

ആഴ്ച്ചയിൽ ആറ് ദിവസം ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും വന്ദേഭാരത് സര്‍വീസ് നടത്തും. രണ്ടാമത്തെ വന്ദേഭാരതിൽ തിരൂരും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് തിരൂരിനെ കൂടാതെ രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്.

വന്ദേഭാരത് സമയക്രമം (ആലപ്പുഴ വഴി)

രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).

ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മറ്റ് വന്ദേഭാരത് ട്രെയിനുകൾ

  • രാജസ്ഥാൻ ജയ്പൂർ-ഉദയ്പൂർ
  • ആന്ധ്രാപ്രദേശും തമിഴ്‌നാടും വിജയവാഡ-ചെന്നൈ
  • തമിഴ്നാട് തിരുനെൽവേലി-ചെന്നൈ
  • ഗുജറാത്ത് ജാംനഗർ-അഹമ്മദാബാദ്
  • ജാർഖണ്ഡും പശ്ചിമ ബംഗാളിലും റാഞ്ചി-ഹൗറ
  • തെലങ്കാനയും കർണാടകയും സെക്കന്തരാബാദ് (കച്ചെഗുഡ)-ബെംഗളൂരു (യശ്വന്ത്പൂർ)
  • ഒഡീഷ റൂർക്കേല-പുരി
  • ബീഹാറും പശ്ചിമ ബംഗാളിലും പട്ന-ഹൗറ

Leave a Reply

Your email address will not be published. Required fields are marked *