ജില്ലാ സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് : പരപ്പനങ്ങാടി സബ് ജില്ലയ്ക്ക് ഓവറോൾ


കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്കൂൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പരപ്പനങ്ങാടി സബ് ജില്ലയ്ക്ക് ഓവറോൾ കിരീടം. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറികളിലും ആൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, സീനിയർ കാറ്റഗറികളിലും ജേതാക്കളായാണ് പരപ്പനങ്ങാടി സബ് ജില്ല ഈ നേട്ടം കൈവരിച്ചത്.
ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിവരുന്ന അപ്പോളോ വോളിബോൾ റൂറൽ കോച്ചിംഗ് സെന്ററിലെ കുട്ടികളാണ് പരപ്പനങ്ങാടി സബ് ജില്ലയെ പ്രതിനിധീകരിച്ച് കളിച്ചത്.
അപ്പോളോ വള്ളിക്കുന്നും വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവ് വള്ളിക്കുന്നും ജേതാക്കൾക്ക് അത്താണിയ്ക്കലിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി ബാബു പാലാട്ട്, അനുപവ് പ്രസിഡന്റ് എം. മോഹൻദാസ്, പ്രഥമ ജില്ലാ വോളിബോൾ ടീമംഗം നീലകണ്ഠൻ നമ്പൂതിരി, മുൻ സംസ്ഥാന വനിതാ ടീം കോച്ച് മുരളീധരൻ പാലാട്ട്, ഇ. വീരമണി, സി. സുരേഷൻ, എം. സുബോധ്, കോച്ച് പി.കെ.അനീഷ് എന്നിവർ സംസാരിച്ചു.