കേരളത്തെ ലോകത്തിനു മുൻപിൽ കരിവാരിത്തേച്ച സിനിമ; ‘കേരള സ്റ്റോറി’ക്കെതിരെ അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി


തിരുവനന്തപുരം: നാടിനെയും കാലത്തെയും മുമ്പോട്ടു നയിക്കാനുള്ള മാധ്യമമാണ് സിനിമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നരബലിയെ വാഴ്ത്തുന്ന സിനിമകൾ വരെ ഉണ്ടാകുന്നുണ്ട്, ഇത് സമൂഹത്തിൽ പരക്കുന്ന ഇരുട്ട് എത്രമാത്രം ആണെന്നതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം കേരള സ്റ്റോറിയെ രൂക്ഷമായി മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തെ ലോകത്തിനു മുൻപിൽ കരിവാരിത്തേച്ച സിനിമയാണത്. വിഷ പ്രചാരണത്തിനായിരുന്നു ശ്രമം. വർഗീയ വിദ്വേഷം പുലർത്തുന്ന രംഗങ്ങൾ ആയിരുന്നു സിനിമയിൽ. ഇതിനെ സിനിമയെന്ന് എങ്ങനെ വിശേഷിപ്പിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
ഈ ഇരുട്ടിന്റെ നടുക്കല്‍ വെളിച്ചമായി നില്‍ക്കുകയാണ് കൊച്ചുകേരളം. സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, മതനിരപേക്ഷതയുടെ നാടാണ് കേരളം. കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍, ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനും ലോകത്തിന് മുന്നില്‍ കരിവാരി തേക്കാനുള്ള ശ്രമം. വിഷപ്രചാരണത്തിനായുള്ള ആയുധമായി സിനിമയെ ഉപയോഗിക്കുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല. കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.