NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PSCയുടെ പേരിൽ വ്യാജ കത്ത്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

പി എസ് സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച സംഘം പൊലീസ് ഇന്റലിജൻസിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ. അടൂർ സ്വദേശി ആർ രാജലക്ഷ്മി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നിവരും കൂട്ടാളികളും ചേർന്നാണു തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.

പ്രതികൾ വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളിൽ ഇല്ലാത്ത തസ്തികകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതൽ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണർ സി നാഗരാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

 

വാട്സാപ് ഗ്രൂപ്പു വഴി ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. ഉദ്യോഗാർത്ഥികൾക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്സാപ് ഗ്രൂപ്പിൽ 84 പേർ അംഗങ്ങളായിരുന്നു. ഇതിൽ 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോടു പറഞ്ഞിട്ടുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മാനഹാനി ഭയന്ന് പലരും പണം നൽകിയ വിവരം മറച്ചുവയ്ക്കുകയാണ്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇവർ വാട്സാപ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി.

 

പി എസ് സി വഴി ജോലി ലഭിച്ചെന്നും അതിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നുമുള്ള അറിയിപ്പ് ലഭിച്ചെന്ന് പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഉദ്യോഗാർത്ഥികളായി എത്തിയവരുടെ കൈവശമുള്ളത് പി എസ് സിയുടെ ലെറ്റര്‍ പാഡിയില്‍ തയാറാക്കിയ വ്യാജരേഖകളെന്ന് വ്യക്തമായതോടെ ഇരുവരെയും ചോദ്യം ചെയ്തു.

മാഡം എന്നൊരാളാണ് ജോലി ലഭിച്ചെന്ന് പറഞ്ഞ് കത്ത് കൈമാറിയതെന്ന് ഉദ്യോഗാർത്ഥികള്‍ മൊഴി നല്‍കി. അടൂര്‍ സ്വദേശിയായ ലക്ഷ്മി എന്ന് അറിയപ്പെടുന്ന രാജലക്ഷമിയും തൃശൂരിലെ ആമ്പല്ലൂരിൽ താമസിക്കുന്ന അമ്പിളിയുമാണ് ആ മാഡം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പ് പൊലീസ് അറിഞ്ഞെന്ന് വ്യക്തമായതോടെ ഇരുവരും മുങ്ങിയിരിക്കുകയാണ്. ഇതോടെയാണ് ഇവര്‍ക്കായി പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *