പഠിച്ച് മിടുക്കിയാകാന്‍ മന്ത്രവാദം; കണ്ണൂരില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍


കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷ് എന്നയാളെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മന്ത്രവാദകേന്ദ്രത്തില്‍വെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി.
ഏറെക്കാലമായി കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്നയാളാണ് ജയേഷ്. വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ മന്ത്രവാദ കേന്ദ്രത്തില്‍ കൊണ്ടുവന്നത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങിയാല്‍ മന്ത്രവാദ കേന്ദ്രത്തിലേക്ക് വരാനും ഇയാള്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പഠിപ്പില്‍ മികച്ച് നില്‍ക്കുന്നതിനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിനും മുന്‍പ് അനുഗ്രഹം വാങ്ങാനുമായി നിരവധി പെണ്‍കുട്ടികള്‍ മന്ത്രവാദകേന്ദ്രത്തില്‍ വരാറുണ്ടെന്നാണ് വിവരം. കൂത്തുപറമ്പിലെ മന്ത്രവാദകേന്ദ്രത്തിനെതിരെ നാട്ടുകാര്‍ നേരത്തെ പരാതി ഉയര്‍ത്തിയിരുന്നു. DYFI-യുടെ നേതൃത്വത്തില്‍ മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.