വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മനും, ജെയ്ക്കും; ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടില്ല, പുതുപ്പള്ളിയിൽ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംങ്


25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.രാവിലെ 7 മണിയോടെ പോളിംങ് ആരംഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ ഇന്ന് നടക്കുന്നത്. ആദ്യമണിക്കൂറുകളിൽ തന്നെ മണ്ഡലത്തിൽ മികച്ച പോളിംങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
അതേ സമയം ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് വോട്ടു ചെയ്യാനാകില്ല. കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ ലിജിന് പുതുപ്പള്ളിയിൽ വോട്ടില്ല. പാമ്പാടി എംജിഎം ഹൈസ്കൂളിൽ മന്ത്രി വി.എൻ.വാസവൻ വോട്ട് രേഖപ്പെടുത്തി.
വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക.മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്. 1,76,417 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.