വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; വിനയായത് എം.എല്‍.എ.യുടെ അസഭ്യം പറച്ചില്‍


വയനാട്ടിലെ കോൺഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന എംഎല്‍എയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് സംഘടന പ്രതിസന്ധിയിലായത്. ജില്ലയിലെ പാര്‍ട്ടി നേതൃത്വം ഇരുചേരികളായി തിരിഞ്ഞു.
ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഫോണിലൂടെ അസഭ്യം പറയുന്ന ശബ്ദരേഖ കോണ്‍ഗ്രസിലെ ഒരു വിഭാഗം പുറത്തുവിട്ടിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലേക്ക് ഡിസിസി പ്രസിഡന്റ് എത്താതിരുന്നതാണ് എംഎല്‍എയെ ചൊടിപ്പിച്ചത്.
ബാങ്ക് തിരഞ്ഞെടുപ്പില്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും ഇരുചേരികളിലായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുകയാണ്. ജില്ലയിലെ പൊതുസമ്മതനെ നിര്‍ത്തി ബാങ്ക് പിടിച്ചെടുക്കാന്‍ എംഎല്‍എ കരുനീക്കുമ്പോള്‍ കെപിസിസി നിര്‍ദേശം മറികടന്ന് സിപിഎം യൂണിയനില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ നിര്‍ത്താനാണ് ഡിസിസി താല്‍പര്യം കാണിക്കുന്നത്.
വിഷയത്തില്‍ അഭിപ്രായ ഐക്യം കണ്ടെത്താന്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ നിന്ന് തുടര്‍ച്ചയായി ഡിസിസി പ്രസിഡന്റ് വിട്ടുനിന്നതാണ് എംഎല്‍എയെ ക്ഷുഭിതനാക്കിയത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. വിവാദങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് യുവ നേതാക്കളുടെ നിലപാട്.