NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിനു ഹാജരാവില്ല

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് എസി മൊയ്തീൻ ഇഡിക്ക് കത്തു നൽകി. 28 നാണ് എസി മൊയ്തീന് എൻഫോഴ്സ്‌മെന്റിന്റെ കത്ത് ലഭിച്ചത്. അതിനാൽ പെട്ടെന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിക്കുകയായിരുന്നു.

വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ 22 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകൾക്ക് പിന്നിൽ മുൻ മന്ത്രി എ സി മൊയ്തീനെന്ന് ഇ ഡിയുടെ നിലപാട്.

എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾ പങ്കുവച്ച് ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഈ ആരോപണം. കരുവന്നൂർ ബാങ്കിൽ നിന്ന് 150 കോടി രൂപയാണ് വ്യാജ വായ്പകളായി തട്ടിയെടുത്തത്. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

 

ബാങ്കിൽ അംഗങ്ങളല്ലാത്തവർക്കാണ് വായ്പകൾ അനുവദിച്ചത്. ഇത്തരത്തിൽ 52 വായ്പകളാണ് അനുവദിക്കപ്പെട്ടത് എന്നാണ് കണ്ടെത്തൽ. ഇതിൽ പലരും ബിനാമികളാണ് എന്നാണ് വിവരം. ഇത്തരത്തിൽ 52 പേരിൽ നിന്ന് മാത്രം സഹകരണ ബാങ്കിന് നഷ്ടം 215 കോടി രൂപയാണെന്നുമാണ് വിലയിരുത്തൽ.

ഇതിനിടെയാണ്, എ സി മൊയ്തീൻ തന്നെ ബിനാമി ഇടപാടുകൾ നടത്തിയെന്ന് ഇ ഡി ആരോപിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ബിജോയ് 30 കോടി വിലമതിക്കുന്ന തട്ടിപ്പ് നടത്തിയതായും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.

മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതായി ഇഡി ഔദ്യോഗികമായി അറിയിച്ചു. എ സി മൊയ്തീനൊപ്പം കിരൺ പിപി, സിഎം റഹീം, പി സതീഷ് കുമാർ, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *