സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർ 3000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായി


കാസർഗോഡ് ചിത്താരിയിൽ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. സ്ഥലത്തിന്റെ ലീഗൽ ഹയർ സർട്ടിഫിക്കറ്റ് നൽകാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ വിജിലൻസിന്റെ വലയിലായത്.
ചിത്താരി വില്ലേജ് ഓഫീസർ സി അരുൺ, വില്ലേജ് അസിസ്‌റ്റന്റ് കെ വി സുധാകരൻ എന്നിവരെയാണ് കാസർഗോഡ് വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്ക്കാരം വാങ്ങിയയാളാണ് അരുൺ. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യുവകുപ്പ് തെരഞ്ഞെടുത്തത്.
സ്ഥലം അളന്ന് ലീഗൽ ഹയർ സർട്ടിഫിക്കറ്റ് നൽകാൻ ചിത്താരി ചാമുണ്ഡിക്കുന്ന് മുനയംകോട്ടെ എം അബ്ദുൾ ബഷീറിൽ നിന്ന് 3,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
അബ്ദുൾ ബഷീറിന്റെ സഹോദരി ഭർത്താവ് മൊയ്തീന്റെ പേരിൽ കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള 17.5 സെന്റ് വിൽപന നടത്തുന്നതിന് വേണ്ടിയാണ് ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മൊയ്‌തീന്റെ ഭാര്യ ഖദീജയുടെ പേരിൽ ലീഗൽ ഹയർ സർട്ടിഫിക്കറ്റും തണ്ടപ്പേരും നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ അബ്ദുൾ ബഷീർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഫിനോഫ്തലീൻ പൗഡർ പുരട്ടിയ 3,000 രൂപ കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘം പരിശോധനക്കെത്തുകയായിരുന്നു. ഡിവൈഎസ്‌പി വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇവരെ പിടികൂടിയത്.