NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന് വിട

1 min read

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് മുൻ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് 49-ാം വയസിലാണ് സ്ട്രീക്കിന്റെ അന്ത്യം. ഈ വർഷം മെയ് മാസത്തിലാണ് താരം അർബുദത്തിന് ചികിത്സ തേടിയത്. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയിൽ ചികിത്സ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. മൂന്ന് മാസത്തെ ക്യാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം സ്ട്രീക്ക് മരണത്തിന് കീഴടങ്ങി.

 

1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായിരുന്നു ഹീത്ത് സ്ട്രീക്ക്. 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സ്ട്രീക്ക് തന്റെ രാജ്യത്തിന് വേണ്ടി കളിച്ചു. രണ്ട് ഫോർമാറ്റുകളിലുമായി 4933 റൺസും 455 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. സിംബാബ്‌വെയ്ക്ക് വേണ്ടി കൂടുതൽ അന്താരാഷ്ട്ര വിക്കറ്റ് നേടിയ താരമാണ് ഹീത്ത് സ്ട്രീക്ക്. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിലെ താരമാണ് സ്ട്രീക്ക്. 1997-2002 കാലഘട്ടത്തിൽ ഏത് വമ്പൻമാരെയും തോൽപ്പിക്കാൻ കഴിയുന്ന ടീമായി സിംബാബ്‌വെ ഉയർന്നിരുന്നു.

 

2000 ത്തിൽ സ്ട്രീക്ക് സിംബാബ്‌വെ ടീമിന്റെ നായക പദവിയിലെത്തി. 2003 ലോകകപ്പിൽ സ്ട്രീക്ക് ആയിരുന്നു സിംബാബ്‌വെയെ നയിച്ചത്. എന്നാൽ ക്രിക്കറ്റ് ബോർഡിലുള്ള സിംബാബ്‌വെ സർക്കാരിന്റെ അമിത ഇടപെടൽ സ്ട്രീക്കിന് തിരിച്ചടിയായി. 2004 ൽ നായക സ്ഥാനത്ത് നിന്ന് സ്ട്രീക്ക് പുറത്താക്കപ്പെട്ടു. ഒരുപക്ഷേ ക്രിക്കറ്റിലെ ആഫ്രിക്കൻ കരുത്തരായി ഉയരേണ്ട സിംബാബ്‌വെ ടീമിനാണ് 2004-2005 വർഷത്തിൽ അവസാനമായത്.

 

2005 ലാണ് താരം സിംബാബ്‌വെ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. പിന്നാലെ പരിശീലകന്റെ വേഷം അണിഞ്ഞു. ബം​ഗ്ലാദേശ്, സിംബാബ്‌വെ, ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചു. 2021 ൽ ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണത്തിൽ ഹീത്തിന് എട്ട് വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2016-2018 സമയത്ത് സ്ട്രീക്ക് പ്രവർത്തിച്ച ഫ്രാഞ്ചൈസികളുടെ വിവരങ്ങൾ ചോർത്തി കൊടുത്തു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ചികിത്സ തേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!