NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം; ഏറ്റവും കൂടുതൽ കേരളത്തിലെന്ന് റെയിൽവേ

പ്രതീകാത്മക ചിത്രം

കൊച്ചി: രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടുന്നതാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ട്. വന്ദേ ഭാരത് ഉൾപ്പടെയുള്ള ട്രെയിനുകൾക്കുനേരെ സമീപകാലത്ത് ആക്രമണം വർദ്ധിക്കുന്നത് റിപ്പോർട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്.

 

വടക്കൻ ജില്ലകളിൽ മറ്റ് ട്രെയിൻ സർവീസുകൾക്ക് നേരെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. എലത്തൂരിൽ ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീവെപ്പുണ്ടായതിനെ തുടർന്ന് മൂന്നു പേരാണ് മാസങ്ങൾക്ക് മുൻപ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളിൽ അധികവും. 20 മാസത്തിനിടെയുണ്ടായ 55 ആക്രമണങ്ങൾ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

 

ഈ ഗുരുതര സാഹചര്യം കൂടുതൽ സുരക്ഷ വേണമെന്ന ആവശ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. അന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തിയേക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *