NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോസ്റ്റല്‍ ബാലറ്റ്: അപേക്ഷാ ഫോം വിതരണം തുടങ്ങി

1 min read

ജില്ലയിലെ 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കുമുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്തു തുടങ്ങി.

പോസ്റ്റല്‍ വോട്ടിനായി റിട്ടേണിങ് ഓഫീസര്‍ക്ക് ഫോം 12-ഡിയിലാണ് സമ്മതിദായകന്‍ അപേക്ഷ നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം ഓഫീസര്‍മാര്‍ തന്നെ തിരികെ വാങ്ങുകയും ചെയ്യും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 16 വരെയാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. മാര്‍ച്ച് 16 നു ശേഷം തപാല്‍ വോട്ട് അനുവദിക്കില്ല. ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറില്‍ പി.പി.ഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യണം.
ശാരീരിക വൈകല്യം മൂലം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ ഫോം 12-ഡിയോടൊപ്പം വൈകല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. കോവിഡ് രോഗികളായവരും ക്വാറന്റൈനില്‍ കഴിയുന്നവരും അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം.

തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ നേരിട്ട് സമ്മതിദായകന്റെ അടുത്ത് എത്തിക്കും. പോസ്റ്റല്‍ വോട്ട് അനുവദിക്കുന്ന സമ്മതിദായകരുടെ പേരിനു നേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ‘പി ബി’ എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തും. ഇവര്‍ക്കു പിന്നീട് ഈ തെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല.
സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ് പേപ്പര്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ബൂത്തിലെത്തി വോട്ട് ചെയ്യുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാകും പോസ്റ്റല്‍ ബാലറ്റ് പേപ്പറില്‍ സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിപ്പിച്ച് തിരികെ വാങ്ങുക.
പോസ്റ്റല്‍ ബാലറ്റിന്റെ ഒരു ഘട്ടത്തിലും സമ്മതിദായകന് അപേക്ഷയോ ബാലറ്റോ റിട്ടേണിങ് ഓഫീസര്‍ക്ക് നേരിട്ട് അയക്കാന്‍ കഴിയില്ല. പോളിങ് ഉദ്യോഗസ്ഥര്‍ മുഖേന മാത്രമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ട് രേഖപ്പെടുത്താനാകൂ.

Leave a Reply

Your email address will not be published.